ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് , ഇതിലെ ഉള്ളടക്കം അപൂർണ്ണമായിരിക്കും.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ തെക്കന്‍തിരുവിതാംകൂറിലെ ഈ ഗ്രാമത്തിന് എടുത്തുപറയത്തക്ക പ്രൌഢമായ ഒരു ചരിത്രപശ്ചാത്തലത്തിന്റെ പിന്‍ബലമില്ല. എങ്കിലും രാജഭരണവുമായുള്ള ചരിത്രബന്ധം അങ്ങിങ്ങായി കാണാം. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് വിവരശേഖരണത്തിനും പ്രമാണങ്ങള്‍ ചമയ്ക്കുന്നതിനും പനയോലശേഖരിക്കാനുമായി പഴയ കന്യാകുമാരി ജില്ലയില്‍ നിന്ന്, പന കയറുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഏതാനും കുടുംബങ്ങളെ ഇവിടെ കുടിപാര്‍പ്പിച്ചിരുന്നു. പനകളുടെ കേന്ദമായിരുന്ന ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്തിന് പനംതോപ്പ് എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. 25-ല്‍ പരം ക്ഷേത്രങ്ങള്‍ ഈ ഗ്രാമത്തില്‍ത്തന്നെയുണ്ട്. ഇവിടുത്തെ ബ്രാഹ്മണമഠങ്ങളിലെ ആനകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പറയിടീല്‍ ചടങ്ങ് നടത്തിയിരുന്നു. അങ്ങനെ കരിയും പറയും കൊണ്ട് പ്രസിദ്ധമായ ഈ ഗ്രാമം കരീപ്രയായി എന്നാണ് സ്ഥലനാമഐതിഹ്യം. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരതമ്പുരാന്റെ ഇളയിടത്തുസ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ ഗ്രാമത്തിന് കഥകളി, ഓട്ടന്‍തുള്ളല്‍, മുടിയാട്ടം, ശാസ്താംപാട്ട്, കാക്കാരിശ്ശിനാടകം, കഥാപ്രസംഗം, വില്‍പാട്ട് തുടങ്ങിയ കലാരൂപങ്ങളില്‍ അനുഗ്രഹീത കലാകാരന്മാരെ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശിങ്ങനാടി(ജയസിംഹനാട്)ന്റെ തലസ്ഥാനമായ കൊല്ലത്തു നിന്നും 20 കിലോമീറ്റര്‍ കിഴക്കും, കഥകളിയുടെ കേളികൊട്ടുയര്‍ന്ന കൊട്ടാക്കരയില്‍ നിന്നും 12 കിലോമീറ്റര്‍ പടിഞ്ഞാറാമായി സ്ഥിതി ചെയ്യുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കരീപ്ര. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപാരമ്പര്യത്തിന് ഒരു നൂറ്റാണ്ടിന്റെ പഴമ അവകാശപ്പെടാന്‍ കഴിയും. എഴുത്താണികൊണ്ട് ഓലയിലെഴുതി ആശാന്‍ സമ്മാനിച്ച വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പൂഴിമണ്ണിലെഴുതി പഠിച്ചിരുന്ന നിലത്തെഴുത്ത് പള്ളിക്കൂടങ്ങളുടെയും കുടിപള്ളിക്കൂടങ്ങളുടേയും സമ്പന്നമായ ഒരു ഭൂതകാലം എല്ലാ ഗ്രാമങ്ങളെപ്പോലെയും ഇവിടെയുമുണ്ടായിരുന്നു. ജാതിവ്യവസ്ഥയും അനാചാരങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ഈ പഞ്ചായത്തില്‍ ശക്തിയായി നിലനിന്നിരുന്നു. ഇതിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ എടുത്തുപറയാവുന്ന ഒരു സംഭവമുണ്ട്. സി.കേശവന്റെയും മന്നത്ത് പത്മനാഭന്റെയും നേതൃത്വത്തില്‍ ഈ പഞ്ചായത്തിലെ മഠത്തിവിളയില്‍ മിശ്രപന്തിഭോജനം നടത്തി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കുഴിമതിക്കാട് വാര്‍ഡിലും ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രചാരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ ജന്മിമാര്‍ക്ക് വമ്പിച്ച അളവില്‍ കാലിക്കൂട്ടങ്ങളും ആട്ടിന്‍പറ്റങ്ങളുമുണ്ടായിരുന്നു. ഒരാളിന്റെ സ്വത്ത് നിര്‍ണ്ണയിക്കുമ്പോഴും ഓഹരി വയ്ക്കുമ്പോഴും കാലിസമ്പത്ത് ഒരു നിര്‍ണ്ണായകഘടകമായി കണക്കിലെടുത്തുപോന്നു. ജന്മിമാരുടെ ശക്തി പ്രകടിപ്പിക്കുന്നതിനുവേണ്ടി കാളപ്പോര്, കോഴിപ്പോര്, മരമടിമത്സരം, കാളവണ്ടികളുടെ ഓട്ടമത്സരം എന്നിവ നടത്തിയിരുന്നു. അവയില്‍ മരമടിമത്സരം നാമമാത്രമായി നിലനില്‍ക്കുന്നുണ്ട്. കാളകളെ ഉപയോഗിച്ചുള്ള വില്ലുവണ്ടികളും അരവണ്ടികളും കഥാവശേഷമായിരിക്കുന്നു. ജന്മിമാര്‍ക്കുമാത്രം സഞ്ചരിക്കുവാന്‍ ലഭ്യമായിരുന്ന ഈ വാഹനങ്ങള്‍ കലാവിരുതോടെ പണിതൊരുക്കിയവയായിരുന്നു. തങ്ങള്‍കുഞ്ഞുമുസലിയാരുടെ നൂറുകണക്കിന് കാളവണ്ടികള്‍ ഒന്നിനുപിറകെ ഒന്നായി ഈ ഗ്രാമത്തിലൂടെ കടന്നുപോയിരുന്ന കാഴ്ച വഴിയോരങ്ങളില്‍ നിന്ന് ഗ്രാമീണര്‍ കൌതുകപൂര്‍വ്വം നോക്കിനിന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ആറുമുറിക്കട-നെടുമണ്‍കാവ്, എഴുകോണ്‍-നെടുമണ്‍കാവ്, ഓടനാവട്ടം-നെടുമണ്‍കാവ് എന്നിവ നടവഴികള്‍ മാത്രമായിരുന്നു. പ്രധാന സര്‍ക്കാരോഫീസുകളായിരുന്ന കാഞ്ഞിരക്കോട്(കുണ്ടറ)സബ്-രജിസട്രാര്‍ ഓഫീസ്, കൊട്ടാരക്കര താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്ക് കാല്‍നടയായി സഞ്ചരിച്ചാണ് ഇവിടുത്തുകാര്‍ ദൈനംദിനാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കാളവണ്ടി സാധാരണ ജനവിഭാഗങ്ങളുടെ ചരക്കുഗതാഗതത്തിനും യാത്രയ്ക്കും ഉപയോഗിച്ചിരുന്നു. ചില ജന്മികുടുംബങ്ങളില്‍ ഇപ്പോഴും കാണപ്പെടുന്ന എരുത്തിലുകള്‍(തൊഴുത്ത്) അക്കാലത്തെ കാലിവളര്‍ത്തലിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. പോഷകപ്രധാനമായ പാലും മാംസവും സമൂഹത്തിലെ താഴേക്കിടക്കാരായ ഭൂരിഭാഗത്തിനും ഉപയോഗിക്കാന്‍ കിട്ടിയിരുന്നില്ല. അവയെല്ലാം സമ്പന്നവിഭാഗത്തിന് വില്‍ക്കുകയോ കാഴ്ചവയ്ക്കുകയോ ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. പഞ്ചായത്തിലെ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ പ്രധാനമായും ഇടത്തരം ഭൂഉടമകളായിരുന്നു. ആകെ കൃഷിഭൂമിയുടെ 20 ശതമാനത്തോളം വന്‍കിടജന്മിമാരുടെ വകയായിരുന്നു. ഈ ഭൂമി ബ്രാഹ്മണമഠങ്ങളും, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഇവ പ്രധാനമായും കുഴിമതിക്കാട് മഠം, വാക്കനാട് ക്ഷേത്രം, ഏറ്റുവായ്ക്കോട്, മുല്ലവേലിമഠം എന്നിവയുടേതായിരുന്നു. ഇതില്‍പ്പെട്ട നിലങ്ങള്‍ ചെറുകിടകൃഷിക്കാര്‍ പാട്ടവും വാരവും കൊടുത്ത് കൃഷി ചെയ്തുവന്നു. കാളയും പോത്തും ഉപയോഗിച്ചാണ് നിലം ഉഴുതിരുന്നത്. മിക്കവാറും കൃഷിക്കാര്‍ക്ക് സ്വന്തമായി കാളയും, കലപ്പ, കുറുമരം തുടങ്ങിയ കാര്‍ഷികോപകരണങ്ങളും ഉണ്ടായിരുന്നു. നിലം ഉഴാനും വയലിലെ മറ്റുപണികള്‍ക്കും കൃഷിക്കാര്‍ പരസ്പരം സഹായിച്ചുപോന്നിരുന്നു. വരമ്പിടാനും വരമ്പ് ഒരുക്കാനും നിലം ഒരുക്കാനും മറ്റും പരിചയസമ്പന്നരായ കര്‍ഷകത്തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു. ഞാറുനടീല്‍, കളപറിപ്പ്, കൊയ്ത്ത് തുടങ്ങിയ ജോലികള്‍ സ്ത്രീത്തൊഴിലാളികളാണ് ചെയ്തുപോന്നത്. മിക്കവാറും കര്‍ഷകകുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥിരകര്‍ഷകത്തൊഴിലാളികള്‍ തന്നെയുണ്ടായിരുന്നു. ഭൂവുടമകളുടെ സ്ഥലങ്ങളില്‍ തന്നെയാണ് ഇവര്‍ പാര്‍ത്തിരുന്നതും. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലി, ആഹാരം കഴിഞ്ഞ് നെല്ലായിട്ടാണ് കൊടുത്തിരുന്നത്. കാര്‍ഷികബന്ധനനിയമം വന്നതിനുശേഷം അമ്പലങ്ങളുടെയും മഠങ്ങളുടെയും ചുരുക്കം ജന്മികുടുംബങ്ങളുടെയും വക പാട്ടമായി കൃഷി ചെയ്തിരുന്ന നിലങ്ങള്‍ കൃഷിക്കാര്‍ക്ക് സ്വന്തമായി. കുറെ കര്‍ഷകത്തൊഴിലാളികള്‍ക്ക് കുടികിടപ്പവകാശവും കിട്ടി. ജന്മിമാരുടെ പീഡനങ്ങള്‍ ഇല്ലാതായി. ആധുനികവിദ്യാഭ്യാസം സാര്‍വ്വത്രികമായതോടുകൂടി കര്‍ഷകത്തൊഴിലാളികളുടെ പിന്‍തലമുറ ഇതര തൊഴില്‍മേഖലകളിലേക്ക് തിരിഞ്ഞു. കാര്‍ഷികബന്ധബില്‍ നടപ്പായതോടെ ജന്മിത്തം അവസാനിക്കുകയും കൃഷിഭൂമി കര്‍ഷകന് എന്ന വ്യവസ്ഥ നിലവില്‍ വരികയും ചെയ്തു. ഭൂമിയില്‍ ഉടമസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചു. തരിശുഭൂമികള്‍ കൃഷിഭൂമികളായി മാറി. മേച്ചില്‍സ്ഥലങ്ങളുടെ വിസ്തൃതി കുറയുകയും ക്രമേണ ഇല്ലാതാവുകയും ചെയ്തു. കാര്‍ഷികമേഖലയില്‍ തൊഴിലാളികളുടെ എണ്ണം ദിവസംപ്രതി കുറഞ്ഞുവരികയുമാണ്. വിദ്യാഭ്യാസനിലവാരത്തില്‍ വന്ന മാറ്റങ്ങള്‍, കൃഷിയോടുള്ള ആഭിമുഖ്യക്കുറവ് തുടങ്ങിയവ ഇതിന്റെ കാരണങ്ങളില്‍പ്പെടുന്നു. ജന്മിത്തം അവസാനിച്ചശേഷം കര്‍ഷകര്‍ പരസ്പരം സഹകരിച്ചാണ് കൃഷി നടത്തിയിരുന്നത്. നിലം കൃഷി ചെയ്യുന്നതിനാണ് പ്രധാനമായും അവര്‍ സഹകരിച്ചിരുന്നത്. പാടങ്ങളില്‍ വരമ്പു വെയ്ക്കുക, നിലം ഉഴുക, വിതയ്ക്കുക, ഉഴവുമാടുകളെ പരസ്പരം കൈമാറി സഹായിക്കുക ഇവയായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്നത്. പ്രകൃതിക്ഷോഭത്തില്‍ ഉണ്ടാകുന്ന കെടുതികള്‍ നീക്കാനും അവര്‍ പരസ്പരം സഹകരിച്ചിരുന്നു. പരമ്പരാഗത തൊഴിലുകളായ വട്ടി, കുട്ട, പായ്, നെയ്ത്ത് എന്നിവ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആഹാരരീതിയില്‍ വന്ന മാറ്റം അത്ഭുതാവഹമാണ്. പഴയ മരച്ചീനിയും മത്സ്യവും, കഞ്ഞിയും ചോറും അപ്രത്യക്ഷമായി. പുട്ടും പയറും പപ്പടവും കൂട്ടിയുള്ള പ്രഭാതഭക്ഷണത്തിന്റെ സ്ഥാനം ഇന്ന് ചപ്പാത്തിയും പൊറോട്ടയും റൊട്ടിയും കൈയ്യടക്കിയിരിക്കുന്നു. വസ്ത്രധാരണരീതിയിലും വളരെ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിച്ചു. ഈ അടുത്തകാലത്താണ് പെട്ടെന്നുള്ള മാറ്റങ്ങള്‍ സംഭവിച്ചത്. മുണ്ടും നേരിയതും സാരിയും പാവാടയും ബ്ളൌസും ഇന്ന് അപൂര്‍വ്വവസ്തുക്കളാണ്. അവയ്ക്കുപകരം മിഡിയും മാക്സിയും നൈറ്റിയും കൂര്‍ത്തയും പൈജാമയും തുടങ്ങി ആധുനിക വസ്ത്രധാരണരീതികളാണ് നിലവിലുള്ളത്. ഓടു മേഞ്ഞതും ഓല മേഞ്ഞതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഈ ഗ്രാമത്തിന്റെ സംസ്കൃതിയെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട സീതകളി, തലയാട്ടംകളി, കമ്പടികളി തുടങ്ങിയ നാടന്‍കലാരൂപങ്ങളും, കൊടിയിറങ്ങിയതിനുശേഷവും ഉത്സവം നടത്തുന്ന തിരുവിതാംകൂറിലെ ഏക ക്ഷേത്രമായ നെടുമണ്‍കാവ് ശ്രീശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന അതിപുരാതനമായിരുന്ന പടയണിയും പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി. ശാസ്താംപാട്ട്, വില്‍പ്പാട്ട് തുടങ്ങിയ കലകളും ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുന്നു. 1969-ലും 1970-ലും തുടര്‍ച്ചയായി കേരളത്തിലെ ഏറ്റവും നല്ല ഗ്രാമം എന്ന ബഹുമതി കരീപ്ര പഞ്ചായത്തിനായിരുന്നു.